Tuesday, November 1, 2016

തലവേദന, തല പൊട്ടും പോലെ...

ഒരു തലവേദനയ്ക്കു വേണ്ടി മോഹിക്കുന്ന ഒരു കാലം വന്നു ചേരുമെന്ന് ഒരിക്കലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ അങ്ങനെയും ഒരു സുദിനം വന്നെത്തി.

പൊതുവേ, മൈഗ്രെയിനിന്‍റെ സൈക്കൊസിസില്‍ നിന്നു തുടങ്ങി നാഗവല്ലിയില്‍ എത്തി നില്‍ക്കുന്ന ഭയാനകരൂപിയായ തലവേദനയാല്‍ അനുഗ്രഹീതമാണ് എന്‍റെ കുടുംബം.

അയലത്തെ പറമ്പില്‍ കൂടി തലവേദന ഓട്ടോ പിടിച്ചു പോകുന്നു എന്നു കേട്ടാല്‍ കട്ടിലിന്‍റെ കീഴില്‍ അഭയം പ്രാപിക്കാന്‍ താല്പര്യം കാണിക്കുകയും അതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്ന ഒരു കുടുംബം.

അങ്ങനെയുള്ളപ്പോള്‍ തലവേദന വേണമെന്നും മറ്റുമുള്ള തലതിരിഞ്ഞ ആഗ്രഹങ്ങള്‍ എങ്ങനെ?

സംശയം സ്വാഭാവികം.

എന്നെ ഉള്‍പ്പെടുത്തി, എന്നാല്‍ എന്നോട് അഭിപ്രായം ചോദിക്കാതെ, എനിക്കു താല്പര്യമില്ലാത്ത ഒരു പരിപാടി കുറെപേര്‍ കൂടി പ്ലാന്‍ ചെയ്തതാണ് കാരണം. എന്നെ കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോ?

എന്നാല്‍ തലവേദന എന്നോ മറ്റെന്തെങ്കിലുമോ ഒരു നുണ പറഞ്ഞു രക്ഷപ്പെട്ടു കൂടായിരുന്നോ എന്നു നിങ്ങള്‍ ചോദിക്കും. അല്ലെങ്കില്‍ ‘എനിക്കു താല്പര്യമില്ല’ എന്ന ദുഃഖസത്യം തുറന്നു സമ്മതിച്ചു പിന്‍മാറിക്കൂടെ?

ആവശ്യം ഉള്ളിടത്തും ഇല്ലാത്തിടത്തും 'നോ' പറയണം എന്നു പ്രസ്താവിക്കുന്ന ഒരു സമൂഹമല്ലേ ഇന്നു നമ്മുടേത്? പിന്നെന്താ നോ പറയാന്‍ ഇത്ര സഭാകമ്പം??

ഉത്തരം എളുപ്പമാണ്.

വെറുതെ നുണ പറയുന്നതില്‍ എനിക്കു തീരെ താല്പര്യമില്ല.. ശരിക്കുള്ള ഒരു തലവേദനയുണ്ടെങ്കില്‍ സത്യസന്ധമായി നുണ പറയാമല്ലോ – തലവേദന കാരണമാണ് വരാന്‍ കഴിയാത്തത് എന്ന്. സായിപ്പ് പറഞ്ഞതു പോലെ... ലൈഫ് ഈസ്‌ കോംപ്ലിക്കേറ്റഡ്...

പിന്നെ, നോ പറയല്‍ അത്ര എളുപ്പമുള്ള കാര്യമല്ല എന്നു നമുക്കെല്ലാം നന്നായി അറിയാം. "നമുക്ക് അരി മേടിച്ചു തരുന്നത്" ഇവരാരും അല്ല എങ്കിലും... പലരെയും ചൊടിപ്പിക്കാതെ ജീവിക്കുക എന്നത് നമ്മുടെ ഒക്കെ ഒരു ആവശ്യമത്രേ...

ഇങ്ങനെയൊക്കെ ആണെങ്കിലും, ഉല്‍കണ്‌ഠയോടെ കാത്തിരുന്ന ആ പരിപാടി അത്ര മോശമായിരുന്നില്ല എന്നതാണ് സത്യം. മലപോലെ വന്നത്... അതങ്ങനെയാണല്ലോ. നമ്മുടെ ഭയമാണെപ്പോഴും യഥാര്‍ത്ഥ്യത്തെക്കാള്‍ പതിന്മടങ്ങ്‌ ഭീകരം. ഒരു വിധത്തില്‍ അതു തീര്‍ന്നു കിട്ടി എന്ന സമാധാനത്തില്‍ ഇരിക്കുമ്പോള്‍ പിറ്റേ ദിവസം ദാ വന്നെത്തി... ആറ്റുനോറ്റിരുന്ന ആ തലവേദന... വിത്ത്‌ അപ്പോളജി:

സോറി ഫോര്‍ ദ ഡിലേ...


4 comments: