Tuesday, August 2, 2016

മേഘപാളികള്‍ക്കു മുകളില്‍

അതൊരു വാശിയായിരുന്നു. എങ്ങനെയെങ്കിലും അയാളുടെ ശ്രദ്ധ പിടിച്ചു പറ്റണം. എന്നെ പരസ്യമായി പുച്ഛിച്ച അയാള്‍ എന്‍റെ മുന്‍പില്‍ മുട്ടു മടക്കണം. ‘കൊള്ളാം’ എന്നു സമ്മതിക്കുകയെങ്കിലും വേണം.

പിന്നെ എല്ലാ ശ്രമവും ആ ദിശയിലേക്കായി. എഴുത്തിന്‍റെ ആയുധം പുറത്തെടുത്തത് അയാളോട് മല്ലിടാന്‍. ആരുടെയൊക്കെയോ കഥകളില്‍ നിന്ന് ഊര്‍ജ്ജം കൊണ്ടത് അയാളെ തോല്‍പ്പിക്കാന്‍.

പേനയുടെ തുമ്പ് രാവും പകലുമെന്നില്ലാതെ മൂര്‍ച്ച കൂട്ടിയതും അവസരം വരുമ്പോള്‍ അയാളുടെ നെഞ്ചിലേക്ക് കുത്തിക്കയറ്റാന്‍.

എഴുത്തിന്‍റെ മനോഹാരിതയെപ്പറ്റി മറ്റാരും പറഞ്ഞത് എന്‍റെ ചെവിയില്‍ കൊണ്ടില്ല. കുറവുകളെ കുത്തിപ്പൊക്കിയതും ഞാനറിഞ്ഞില്ല.

അതുവരെ വായിച്ച കഥകളില്‍ ഒരാള്‍ക്കു വേണ്ടി മാത്രം എഴുതിയ എഴുത്തുകാരെ ഞാന്‍ പരിഹസിച്ചിരുന്നതും സൗകര്യപൂര്‍വ്വം മറന്നു.

ഓരോ തവണ എഴുത്തു ശ്രദ്ധിക്കപ്പെട്ടപ്പോഴും അയാളുടെ കാതുകളില്‍ അത് എത്തിക്കാണുമോ എന്നു മാത്രമായി ചിന്ത. അയാളുടെ പാദങ്ങള്‍ ആ വഴി കടന്നിട്ടുണ്ടാകുമോ എന്നറിയാനായി എന്‍റെ കണ്ണുകള്‍ പരതി.

പുസ്തകങ്ങള്‍ വിറ്റഴിഞ്ഞപ്പോഴും അതിലേതെങ്കിലുമൊന്ന് അയാളുടെ കൈകളിലൂടെ കയറിയിറങ്ങി കാണും എന്നായി പ്രതീക്ഷ. വായിച്ചെങ്കിലും ഒരിക്കല്‍ പോലും അക്കാര്യം അറിയിക്കാന്‍ ഒരു വരി എഴുതില്ല എന്ന് ഉറപ്പ്.

പുസ്തകങ്ങള്‍ പേരുകേട്ട ആളുകള്‍ പുകഴ്ത്തിയതും നാട് മുഴുവന്‍ പ്രശംസിച്ചതും ഞാന്‍ ശ്രദ്ധിച്ചില്ല... അവസാനം ഒരു ദിവസം ആരാണ് നിങ്ങളുടെ ‘മ്യൂസ്’ എന്നു ചെറുപ്പക്കാരിയായ പത്രപ്രവര്‍ത്തക ആരാധന തുളുമ്പുന്ന കണ്ണുകളോടെ ചോദിച്ചപ്പോള്‍ മനസ്സിലൂടെ മിന്നിപ്പാഞ്ഞു പോയത് അയാളുടെ മുഖമായിരുന്നു.

ഉത്തരം പറയാതെ അവളുടെ മുഖത്തേക്ക് നോക്കി ഇരുന്ന എന്നെ അവള്‍ മെല്ലെ മറ്റൊരു ചോദ്യത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി...

പിന്നെ അവിടെ പറഞ്ഞതൊന്നും ഞാന്‍ അറിഞ്ഞില്ല.

ആ മുഖം... മുപ്പതു വര്‍ഷമായി കൊണ്ടു നടക്കുന്ന ആ മുഖം... അതിനോടുള്ള വാശി... വൈരാഗ്യം... അതു തന്നെയല്ലെ യഥാര്‍ത്ഥത്തില്‍ എന്നെ എഴുത്തുകാരിയാക്കിയത്?

ഇതെന്തു ഭ്രാന്ത്? ഇതെന്തൊരു ഒബ്സെഷന്‍??

അയാള്‍ എന്നെയും എന്നോടു പറഞ്ഞ കുത്തുവാക്കുകളെയും മറന്നിട്ടു കാലം എത്രയായിക്കാണും!

അതില്‍ നിന്നുയര്‍ന്ന തീപ്പൊരിയാണിന്നു കാട്ടുതീ പോലെ ആര്‍ത്തിയോടെ എനിക്കു ചുറ്റും ആളിക്കത്തുന്നത് എന്ന് അയാള്‍ സ്വപ്നത്തില്‍ പോലും കണ്ടിട്ടുണ്ടാവില്ല.

ഒരിക്കല്‍ പോലും പിന്നോട്ടു നോക്കാതെ അയാള്‍ ജീവിതവും അതിന്‍റെതായ സന്തോഷങ്ങളും ലോകയാത്രകളുമായി എത്രയോ മുന്‍പോട്ടു പോയിക്കഴിഞ്ഞു.

ഞാന്‍... ഞാനിവിടെ കത്തിയെരിഞ്ഞ്‌...

അപ്രതീക്ഷിതമായാണ് പുസ്തകത്തിന്‍റെ പ്രകാശനത്തിന് ആ മുഖം വീണ്ടും കണ്ടത്. ഒരു ചെറിയ ബുക്ക്‌ സ്റ്റാള്‍. വിരലിലെണ്ണാവുന്നത്ര ആളുകള്‍. എല്ലാവര്‍ക്കും നന്ദി പറഞ്ഞു കൈ കൂപ്പിയപ്പോള്‍ പിന്നില്‍ ഒരു പരിചിത മുഖം. നരച്ച മുടി... മുഖത്തു പണ്ടെങ്ങും കണ്ടിട്ടില്ലാത്ത പക്വത.. ജീവിതത്തില്‍ വിജയവും പരാജയവും നഷ്ടവും ഏറ്റു വാങ്ങി എന്നു വിളിച്ചു പറയുന്ന കണ്ണുകള്‍... ഞാന്‍ തിരിച്ചറിഞ്ഞു എന്നു മനസ്സിലായപ്പോള്‍ ആ മുഖത്തു വിരിഞ്ഞ ഒരിക്കലും മറക്കാനാവാത്ത ആ പുഞ്ചിരി...

പിന്നീട് മുന്നില്‍ വന്നതും ഇതു വരെ എഴുതിയ എല്ലാ പുസ്തകങ്ങളും വായിച്ചു എന്നും അതില്‍ പലതും വളരെയധികം ഇഷ്ടപ്പെട്ടുവെന്നും പറഞ്ഞത്...

മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ അതെല്ലാം വെറും തോന്നലായിരുന്നോ എന്ന സംശയം...

പിന്നെയുള്ള ദിവസങ്ങളിലെ എന്തെന്നില്ലാത്ത ആനന്ദം... ഈ ഒരൊറ്റ നിമിഷത്തിനു വേണ്ടിയാണല്ലോ വര്‍ഷങ്ങളോളം നൊന്തു നീറി പ്രയത്നിച്ചത്...  

തിളച്ചു മറിഞ്ഞിരുന്ന കടല്‍ തെളിഞ്ഞ മഴവെള്ളം പോലെയായി.

അതിനു ശേഷം മനസ്സിലേക്ക് ഇരച്ചു കയറിയ ചോദ്യം: ഇനിയെന്ത്?

ഇനി ആരെ ബോധിപ്പിക്കാന്‍?

എത്തേണ്ട സ്ഥലത്ത് എത്തിച്ചേര്‍ന്നല്ലോ.

പുസ്തകത്തിന്‍റെ അവസാനതാളില്‍ എത്തിയാലെന്നതു പോലെ എന്‍റെ കഥയും ഇവിടെ അവസാനിക്കുമോ?

പേനയും വെള്ള കടലാസും എടുത്തു വച്ചപ്പോള്‍ മനസ്സില്‍ ഒരു മതില്‍ കടന്നു കയറിയതു പോലെ.. വാതില്‍ ആരോ കൊട്ടിയടച്ചതു പോലെ...

കൈയില്‍ മുറുകെ പിടിച്ചിരുന്ന വാക്കുകള്‍ പറന്നു പോയതു പോലെ...

മുന്നിലെ വഴി അടഞ്ഞു പോയതു പോലെ..

എഴുത്തു നിര്‍ത്തി പിന്തിരിയാന്‍ സമയമായി എന്നു വരെ തോന്നി.

പിന്നീട് എഴുതിയില്ല. 

കൈവിട്ടു പോയി എന്നു തന്നെ തീരുമാനിച്ചു.

ആഴ്ചകളും മാസങ്ങളും കടന്നു പോയി.

ഒരു ഞായറാഴ്ച രാവിലെ മൂടല്‍മഞ്ഞിലൂടെയുള്ള സൂര്യോദയം നോക്കി നില്‍ക്കുമ്പോള്‍ അവ ഓരോന്നായി തിരിച്ചു മനസ്സിലേക്ക് ചിറകടിച്ചു വന്നു. മനസ്സിലെ മതില്‍ക്കെട്ട് ഉരുകി വീണു. ചിന്തകളുടെ കോട്ട താനേ ഉയര്‍ന്നു വന്നു. ഞാന്‍ വീണ്ടും സഞ്ചാരിയായി.

നിലത്തു തന്നെ ഉറപ്പിച്ചിരുന്ന എന്‍റെ കാലുകള്‍ക്ക് ഉയര്‍ന്നു പൊങ്ങാന്‍ ആവശ്യമായിരുന്ന ശക്തിയായിരുന്നു അന്ന് ആ വാശി.

പരിചയമില്ലാത്ത വഴികളിലൂടെ, അന്ധകാരത്തിന്‍റെ ഭീതിയിലൂടെ, പരാജയമെന്ന വെള്ളപ്പൊക്കത്തിലൂടെ എന്നെ നടത്തി അക്കരെ എത്തിച്ച ധൈര്യമായിരുന്നു ആ വൈരാഗ്യം.

മേഘങ്ങള്‍ക്കു മീതെ പറക്കാന്‍ എന്നെ പഠിപ്പിച്ച കരുത്തായിരുന്നു ആ... പ്രണയം...

3 comments:

  1. Never knew you wrote in Malayalam too. Nice one. Good writing too.

    ReplyDelete
  2. Well you made me to read up to the end.Then the end its not a crime thriller ,but a strenght of love.

    ReplyDelete